Ads 468x60px

അത്യന്താപേക്ഷിതമായ മൗനം.


(ഈ കഥ വാരാദ്യ മാധ്യമത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ് , ഒരു പുനര്‍ വായനക്ക് ചേര്‍ന്നതെന്ന നിലക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു , മുമ്പ് വായിച്ചവര്‍ ക്ഷമിക്കുക , ഒറിജിനല്‍ താഴെ ചേര്‍ത്തിട്ടുണ്ട് .)
 ഓഫീസില്‍നിന്ന്‌ ഇറങ്ങുമ്പോഴേ പതിവുള്ള തലവേദന രാമനാഥനെ പിടികൂടിക്കഴിഞ്ഞിരുന്നു.
സിമന്‍റ് അടര്‍ന്നു പൊട്ടിപ്പൊളിഞ്ഞ നീളന്‍ വാരാന്ത പിന്നിട്ടു പൂപ്പല്‍ പിടിച്ച് കറുത്ത പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രാമനാഥന്‍ ചിന്തിച്ചിരുന്നത് ഈ ഓഫീസിനും തനിക്കും മാത്രമാണോ ഇവിടെ മാറ്റങ്ങളിലാത്തത് എന്നായിരുന്നു.
ഓഫീസ് മതിലിനോട് ചേര്‍ത്ത് ചാരിവെച്ചിരുന്ന സ്കൂട്ടര്‍ എടുത്തു ഗെയിറ്റിനപ്പുറത്തെക്ക് തള്ളിനടക്കുന്നതിന്നിടയില്‍ അതിന്‍റെ കേടുവന്ന സ്റ്റാന്‍റെങ്കിലും നാളെ ശെരിയാക്കണമെന്ന വിചാരം എന്നത്തേയും പോലെ അന്നും രാമനാഥനുണ്ടായി.

സ്കൂട്ടര്‍ റോഡ്‌സൈഡിലേക്ക് കയറ്റിനിറുത്തി സീറ്റിലേക്ക് കയറിയിരുന്ന രാമനാഥന്‍ വലതുകാല്‍ നിലത്തൂന്നി സ്കൂട്ടര്‍ കുറച്ചുനേരം ആ ഭാഗത്തേക്ക് ചെരിച്ചുപിടിച്ചശേഷം നേരെ നിര്‍ത്തി സ്റ്റാര്‍ട്ട്‌ ചെയ്യാനുള്ള തീവ്രശ്രമം തുടരവേ ആറാമത്തെ ശ്രമം ലക്ഷ്യം കണ്ട നിമിഷം 'ഹാവൂ' എന്നൊരു ആശ്വാസ ശബ്ദം രാമനാഥനില്‍നിന്നുണ്ടായി.
ആക്സിലേറ്റര്‍ മെല്ലെ തിരിച്ചു സ്കൂട്ടര്‍ റൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ പഴഞ്ചന്‍ ബോഡിക്കൊപ്പം രാമനാഥനും ചെറിയ വിറയല്‍ അനുഭവപ്പെട്ടു, സൈലന്സറിനുള്ളില്‍ നിന്നുമുള്ള സാധാരണ പൊട്ടലിനും ചീറ്റ്ലിനും പുറമേ എന്തൊക്കെയോ വേര്‍പെട്ട്കിലുങ്ങുന്ന അസഹ്യമായ ശബ്ദവും കൂടി കേള്‍ക്കാന്‍ തുടങ്ങിയ നിമിഷങ്ങളിലൊന്നിലാണ് അയാള്‍ ഭാര്യ സുജാതയെകുറിച്ചോര്‍ത്തത്.  ആ ഓര്‍മ്മയാണോ അതല്ല സ്കൂട്ടറിന്‍റെ ശബ്ദമാണോ തലവേദനയുടെ കാഠിന്യം കൂട്ടിയതെന്നൊന്നും വേര്‍തിരിച്ചെടുക്കാന്‍ സമയം പാഴാക്കാതെ നാലുദിവസങ്ങളിലായി സുജാത ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഫേസ്ക്രീമിന്‍റെ പേരെഴുതിയ തുണ്ട് പോക്കറ്റില്‍തന്നെയുണ്ടെന്നു ഉറപ്പുവരുത്തുകയാണ് രാമനാഥന്‍ ചെയ്തത്.
ലളിതമായ തവണവ്യവസ്ഥയില്‍ ഒരു ടെലിവിഷന്‍ സ്വന്തമാക്കുക എന്ന് പരസ്യം ചെയ്ത ഷോപ്പുകാരനെയും ടിവി പരസ്യങ്ങളിലൂടെ സ്ത്രീ മനസ്സുകളെ മായാവലയത്തിലാക്കുന്ന സകലമാന കമ്പനികളെയും മനസ്സാ ശപിക്കാനും രാമനാഥന്‍ മറന്നില്ല.
ടിവി വീട്ടിലെത്തിയതിന്‍റെ നാലാംപക്കം മുതലാണ്‌ സുജാതയില്‍ ഈ നവസൌന്ദര്യബോധം ഉടലെടുക്കാന്‍ തുടങ്ങിയത്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ തന്നെക്കാള്‍ ശുഷ്കാന്തി കാട്ടിയിരുന്നവളാണ്, പക്ഷെ ഇന്നവളില്‍ ഒരുപാടുമാറ്റം കാണുന്നു. കാച്ചെണ്ണയുടെ ആസ്വാദ്യഗന്ധവുമായി തുമ്പ്കെട്ടി ഇട്ടിരുന്ന ആ മുടിയിഴകള്‍ ഇപ്പോള്‍ ശ്വസിച്ചുമടുത്ത ഷാമ്പൂഗന്ധവുമായി പാറിപ്പറക്കുകയാണ്. കാക്ക എത്ര സോപ്പിട്ട് കുളിച്ചാലും കൊക്കാകില്ല എന്ന വിചാരം പെണ്ണായിപ്പിറന്ന ഒറ്റയൊന്നിനും ഇല്ലാതെപോയതെന്തുകൊണ്ടായിരിക്കും..!

( ഈ കഥക്ക് വേണ്ടി സഗീര്‍ വരച്ച ചിത്രം )
ഈ വിധ ചിന്തകള്‍ തലക്കുള്ളില്‍ കിടന്ന് വട്ടത്തില്‍ കറങ്ങുമ്പോള്‍ നഗരത്തിന്‍റെ മാറ്പിളര്‍ന്നു നീണ്ടുനിവര്‍ന്നു കിടക്കുന്ന എംജി റോഡിന്‍റെ ഒരരികുപറ്റി സാവധാനം മുമ്പോട്ടുനീങ്ങുകയായിരുന്നു രാമാനാഥന്‍റെ സ്കൂട്ടര്‍. ഗട്ടറുകള്‍ അതീവ ശ്രദ്ധയോടെ ഒഴിവാക്കിയും റോഡ്‌ നിയമങ്ങള്‍ യഥാവിധി പാലിച്ചും കൊണ്ടുള്ള ആ യാത്രയുടെ ലാളിത്യം ജീവിതത്തിലും പുലര്‍ത്തിപ്പോരുന്നവനായിരുന്നു രാമനാഥന്‍. എന്നാല്‍ ഈയ്യിടെയായി ആ ചിട്ടവട്ടങ്ങളുടെ താളം തെറ്റിതുടങ്ങിയെന്നൊരു തോന്നല്‍ അയാളെ മഥിക്കുന്നു. മാസാദ്യത്തില്‍
കിട്ടുന്ന ശമ്പളക്കാശില്‍ നിന്നും  ഒരു
പത്തുരൂപയെങ്കിലും മാസാന്ത്യത്തില്‍  പോക്കറ്റില്‍ബാക്കിവെക്കാന്‍ ശ്രദ്ധിച്ചിരുന്ന രാമനാഥന് രണ്ടു മാസമായി തീയ്യതി രണ്ടക്കത്തിലേക്ക് കടക്കുമ്പോഴേക്കും പോക്കറ്റിലെ ശേഷിപ്പും രണ്ടക്കമായി മാറാന്‍ തുടങ്ങിയതില്‍ അതിയായ വിഷമമുണ്ട്. അനാവശ്യ തലവേദനകള്‍ പരമാവധി ഒഴിവാക്കണമെന്ന മനസ്ഥിതിക്കാരനായതുകൊണ്ട് മാത്രമാണ് രാമനാഥന്‍ വൈക്ലബ്യത്തോടെയാണെങ്കിലും സുഹൃത്തുക്കളുടെ സഹായം പോലും തേടാന്‍ തുടങ്ങിയത്.
സുജാതയുടെ കുറിപ്പടി പ്രകാരമുള്ള ഉല്‍പന്നം മൂന്നാമതുകയറിയ ഷോപ്പിലും സ്റ്റോക്കില്ലെന്ന അറിവിനേക്കാള്‍ രാമാനാഥനെ അസ്വസ്ഥനാക്കിയത് ഓരോ തവണയും സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തെടുക്കാനുള്ള ബദ്ധപ്പാടായിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രമല്ല സാധനം കിട്ടാനില്ലെന്ന് പറഞ്ഞാല്‍ അക്കാര്യം ഒരു കാരണവശാലും സുജാത വിശ്വസിക്കില്ലെന്ന ബോധവും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അവശ്യസാധനത്തെക്കാള്‍ പത്തുരൂപ കൂടുതലുള്ള മറ്റൊരു ഉല്പന്നം ഒടുവില്‍ കയറിയ കടയില്‍നിന്നും രാമനാഥന്‍ വാങ്ങിയത്.
'പരസ്യങ്ങളിലൊന്നും വലിയ കഴമ്പില്ല സാര്‍ അതിനേക്കാള്‍ ക്വാളിറ്റിയും ക്വാണ്ടിറ്റിയും കൂടുതല്‍ ഇതിനുണ്ട്..'
സാധനം ഒരു കവറിലിട്ട് പിന്‍ ചെയ്തു രാമനാഥനെ എല്‍പിക്കുനതിന്നിടയില്‍ പറഞ്ഞുവന്നതിന്‍റെ തുടര്‍ച്ചയെന്നോണം സെയില്‍സ്‌മേന്‍ പറഞ്ഞു.
തന്‍റെ ഈ വാചകങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്ന് എനിക്ക് അറിയാമെടോ എന്നൊരു ഡയലോഗ് അയാളോട് പറയാതെ രാമാനാഥന്‍ മനസ്സില്‍ത്തന്നെ കുഴിച്ചുമൂടാന്‍ കാരണം വാചകങ്ങള്‍ അയാളുടെ തൊഴിലിന്‍റെ ഭാഗമാണല്ലോ എന്ന വിചാരത്താലായിരുന്നു. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സാധനം കൈപറ്റി അയാള്‍ കടയില്‍നിന്നും ഇറങ്ങി.
സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോള്‍ പതിവിനു വിപരീതമായി സുജാത വാരാന്തയിലേക്ക് തിടുക്കപ്പെട്ട് എത്തിയത് രാമനാഥന്‍ ശ്രദ്ധിച്ചു.
സ്കൂട്ടര്‍ വീടിന്‍റെ ഇറയത്തെക്ക് ഉരുട്ടികയറ്റി ചുവരിലേക്ക് മെല്ലെ ചായ്ച്ചുവെച്ചു അതിന്‍റെ സൈഡ് ബോക്സില്‍ നിന്നും ബ്രൌണ്‍ കവര്‍ എടുത്ത് രാമനാഥന്‍ സുജാതയുടെ നേര്‍ക്ക്‌ വെറുതെ ഒന്ന് നോക്കി. അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും കണ്ണുകളില്‍ പ്രത്യേകമായൊരു തിളക്കവും കണ്ടെങ്കിലും നിര്‍വികാരനായാണയാല്‍ വാരാന്തയിലേക്ക് കയറിയത്.
'ഞാന്‍ കാപ്പിയെടുത്തോണ്ട് വരാം..'
രാമാനാഥനില്‍നിന്നും കവര്‍ കൈപറ്റി അകത്തേക്ക് പോകുന്നതിന്നിടയില്‍ സുജാത പറഞ്ഞു.
തലവേദനക്ക് നേരിയൊരു കുറവ് അനുഭവപ്പെട്ട രാമനാഥന്‍ ഒന്ന് മൂരിനിവര്‍ന്നു കുറഞ്ഞൊരു ആലസ്യത്തോടെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു മുന്നില്‍ കിടന്ന ടീപോയിക്കു മേലേക്ക് കാലുകയറ്റിവെക്കാന്‍ തുടങ്ങവേയാണ് അയാളുടെ മടിയിലേക്ക് പൊളിച്ച ബ്രൌണ്‍ കവറോടുകൂടി ഫേസ്ക്രീം ശരവേഗത്തില്‍ വന്നുവീണത്. വാതില്‍പ്പടിയില്‍ കുത്തിവീര്‍ത്ത മുഖവുമായി സുജാതയേയും രാമാനാഥന്‍ കണ്ടു .
'ആര്‍ക്കുവേണം ഈ ചവറുസാധനം..!ഇതു വെണോങ്കില്‍ അപ്പുണ്ണി നായര്‍ടെ മുറുക്കാന്‍ കടേന്ന് ഞാനെന്നേ വാങ്ങിച്ചേനേ..'
സുജാതയുടെ പുച്ഛവും അവജ്ഞയും നിറഞ്ഞ സ്വരം രാമനാഥനെ തളര്‍ത്തി.
'താന്‍ പറഞ്ഞ കടകളിലൊന്നും അതില്ലാത്തതുകൊണ്ടാണിത് വാങ്ങിച്ചതെന്‍റെ സുജേ..മാത്രോമല്ല..അതിനേക്കാള്‍ പത്തുരൂപ..'
രാമനാഥന് പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കാതെ സുജാത കത്തിക്കയറി .
'ഓ..പത്തുലുവേടെ മഹത്വമൊന്നും പറയണ്ട..എന്തായാലും ഐറിന്‍ സക്ലീവയും ഐശ്വര്യാ റായിയും മറ്റും അതുപയോഗിക്കുന്നത് ആ വ്യത്യാസം നോക്കിയൊന്നുമായിരിക്കില്ലല്ലോ..!'
ഭാര്യയുടെ പുത്തന്‍ അറിവുകളില്‍ തെല്ലൊരതിശയം രാമാനാഥനില്‍ ഉളവായെങ്കിലും പൂര്‍വാധികം ശക്തമായി തിരിച്ചെത്തിയ തലവേദനയുടെ പിടിയിലമര്‍ന്ന് നിസ്സംഗതനായി; ചുവരിലേക്ക് ഒരുവശം ചെരിഞ്ഞിരിക്കുന്ന തന്‍റെ സ്കൂട്ടറിലേക്ക് കണ്ണുംനട്ട് അയാളിരുന്നു. കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .
(പോസ്റ്റിന്‍റെ മാധ്യമത്തിലെ ഒറിജിനല്‍)

35 comments:

പട്ടേപ്പാടം റാംജി said...

ഒരു വ്യക്തിയില്‍ പരസ്യങ്ങള്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ഭംഗിയായി പറഞ്ഞു.
ആശംസകള്‍..

Anees Hassan said...

പണ്ട് വായിച്ചിരുന്നില്ല .

കൂതറHashimܓ said...

നല്ല കഥ, ആ കൂതറ പെണ്ണിനെ എനിക്കിഷ്ട്ടായില്ലാ

സിനു said...

ആദ്യം വായിച്ചിരുന്നില്ല
നല്ല കഥ!!
കഥയുടെ പ്രമേയം ഇഷ്ട്ടപ്പെട്ടു

vinus said...

ഇന്നത്തെ സാധാരണക്കാരന്റെ ഗതികേടിന്റെ കഥ ഇഷ്ട്ടപെട്ടു.

വേണു venu said...

വാചാലമാകുന്ന മൌനം.!
Yes Ramanathan reveals the depth of silence.

അലി said...

ആദ്യായിട്ടാണിത് വായിക്കുന്നത്.
കഥ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ!

Anonymous said...

പലപ്പോഴായി പല വീടുകളിലും നടക്കുന്ന സംഭവങ്ങള്‍ ...എനിക്കറിയാത്തത് എന്തിനാ ഇത്ര beauty conscious ആവുന്നത് പലരും ...ഇപ്പോള്‍ Men's Beauty Parlous ഉം മുളത്തിന് മുളത്തിന് പോങ്ങുന്നുണ്ടല്ലോ ....അവനവന്‍ എന്ത് എന്ന് അവനവന്‍ അറിയുക ...അത് അംഗീകരിക്കാന്‍ പഠിക്കുക ..പല പാഴ് ചിലവും കുറയും ..പിന്നേ ടി വി ഒതുന്നതെല്ലാം സത്യം എന്നാ മിഥ്യാധാരണ തിരുത്തുക ...അത് മിക്കപ്പോഴും വെറും ഒരു മായ ലോകം മാത്രം ...എന്തായാലും നല്ല കാലികപ്രാധാന്യം ഉള്ള കഥ ...ആശംസകള്‍ !!!

ഹംസ said...

നല്ല കഥ.!! പരസ്യങ്ങള്‍ മനുഷ്യരുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനുള്ള നല്ല ഒരു ഉദാഹരണം. !!കാശിനു വേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്ന ഐറിന്‍ സക്ലീവയും ഐശ്വര്യാ റായിയും ഒന്നും ഒരിക്കല്‍ പോലും അതുപയോഗിച്ചിട്ടുണ്ടാവില്ല എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിവരമില്ലാത്ത ഉപഭോക്താക്കള്‍ തന്നെയാണ് അവരുടെ വിജയം.!

Sidheek Thozhiyoor said...

@ റാംജി സാബ്‌...വളരെ സന്തോഷം.
@ ആയിരത്തിഒന്നാം രാവ്: നന്ദി.
@ കൂതൂ..ചില പെണ്ണുങ്ങള്‍ അങ്ങിനെയും..
@ സീനു വന്നു കണ്ടതില്‍ സന്തോഷം.
@ വിനു : വീണ്ടും കാണണം.
@ വേണുജി : അഭിപ്രായത്തില്‍ സന്തോഷം .
@ അലിഭായ് : നന്ദി സന്തോഷം .
@ ആദില : വിശദമായ കുറിപ്പിനും അഭിപ്രായത്തിനും നന്ദി , ഇവിടെ എത്തികണ്ടതില്‍ സന്തോഷം .
@ ഹംസഭായ് : നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി .

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇന്ന് നാം എന്ത് തിന്നണം, കുടിക്കണം, ഉടുക്കണം,പറയണം , കാണണം, കേള്‍ക്കണം എന്ന് മാത്രമല്ല; എന്ത് ചിന്തിക്കണം എന്ന് കൂടി നമ്മെ പഠിപ്പിക്കുന്നത് അല്ല ആജ്ഞാപിക്കുന്നത് ലോകരാജാവായ ടെലിവിഷനാണ്. വിഡ്ഢിപ്പെട്ടി എന്ന് നാം നിസാരനാക്കി വിളിക്കുന്ന ഈ ഭയങ്കരന്‍ സമൂഹത്തില്‍ എത്രമേല്‍ സ്വാധീനം ചെലുത്തുന്നു എന്ന് സത്യത്തില്‍ നാം അറിയുന്നില്ല.

നല്ല കഥ. നല്ല സന്ദേശം..ഭാവുകങ്ങള്‍!

കരീം മാഷ്‌ said...

സ്കൂട്ടറിന്റെ അവസ്ഥ വിശദമായി എഴുതുക മാത്രം കൊണ്ടു കഥാകാരൻ രാമനാഥന്റെ സാമ്പത്തിക നിലയെപറ്റി വായനക്കാരനെ നന്നായി ബോധ്യപ്പെടുത്തി. ഫേസ്ക്രീമിന്റെ അനിവാര്യതയെ പറ്റി വ്യാകുലപ്പെടുന്ന ഭാര്യ ഇന്നിന്റെ ഉല്പന്നമാണ്.
എഴുത്തിനു ഭാവുകങ്ങൾ!

Unknown said...

ഒരു നല്ല കഥ . പഴയ സ്കൂട്ടറും ഒതുങ്ങി കൂടിയുള്ള അയാളുടെ പ്രക്യതവും സമൂഹത്തിൽ ഭാര്യമാരുടെ താളത്തിനൊത്ത് തുള്ളേണ്ടി വരുന്ന ഒരു പാട് ഭർത്താക്കന്മാരുടെ പ്രതിനിതിയെ രാമനാഥനിൽ കാണുന്നു. ആശംസകൾ

Manoraj said...

ആദ്യമായാണ് ഇവിടെ.. കഥയും മുൻപ് വായിച്ചിരുന്നില്ല. നല്ല അവതരണം

Sidheek Thozhiyoor said...

ഇസ്മയില്‍ ഭായ് , കാലത്തിനൊപ്പം മാറുന്ന കോലങ്ങള്‍ ..അത്രതന്നെ .

Sidheek Thozhiyoor said...

കരീം മാഷിന്‍റെ നല്ല വായനയും വിലയിരുത്തലും . വളരെ സന്തോഷം .

Sidheek Thozhiyoor said...

പാലക്കുഴി.. പറഞ്ഞത് യാഥാര്‍ത്ഥ്യം , ഭൂരിപക്ഷത്തിന്‍റെ പ്രധിനിധിയാണ് രാമാനാഥന്‍.

Sidheek Thozhiyoor said...

മനോരാജ് .. ആദ്യവരവിനും അഭിപ്രായത്തിനും വളരെ നന്ദി , വീണ്ടും കാണണെ...

kambarRm said...

സിദ്ധീഖ് ഇക്കാ..കലക്കി..,
കാലികപ്രസക്തിയുള്ള ഒരു കഥ, അതിമനോഹരമായ അവതരണം, അഭിനന്ദനങ്ങൾ.
ഞാൻ മുമ്പ് വായിച്ചിരുന്നില്ല, ഒരു സാധാരണക്കാരനു അവന്റെ ജീവിതം മുന്നോട്ട് തള്ളിനീക്കിക്കൊണ്ട് അനുഭവിക്കേണ്ടി വരുന്ന തത്രപ്പാടുകൾ കഥയിൽ അങ്ങോളമിങ്ങോളം വായിച്ചെടുക്കാം.. പോരട്ടെ ഇനിയും ഇതു പോലുള്ളവ...
എല്ലാ ഭാവുകങ്ങളും നേരുന്നു..

Abdul Latheef said...

നല്ല ആശയം നല്ല അവതരണം , അഭിനന്ദനങ്ങള്‍ , കാലികമായത് കൊണ്ട് മനസ്സിലാക്കാന്‍ എളുപ്പം ,
ടിവിയും പരസ്യവും നമ്മുടെയൊക്കെ സ്ത്രീകളുമാണു' വില്ലന്മാര്‍ എന്ന് സം ശയിക്കാം . എന്നാല്‍ യഥാര്‍ ത്ഥ വില്ലന്‍ ആരാണെന്നു നാം കണ്ടു പിടിക്കെണ്ടിയിരിക്കുന്നു.
ഒരു ചെറിയ വേര്‍ ഷന്:

വേണ്ടതും വേണ്ടാത്തതും തിരിച്ചറിഞ്ഞു കൊള്ളാനും തള്ളനുമുള്ള നമ്മുടെ കഴിവ് ക്ഷയിച്ചു വരുന്നതിന്റെ നേര്‍ കാഴ്ച്കളാണിതെല്ലാം . ഇന്നു നമ്മളെയൊക്കെ നിയന്ത്രിക്കുന്നത് മറ്റു പലരുമാണു. ചിലപ്പോള്‍ യന്ത്രങ്ങള്‍ മറ്റു ചിലപ്പോള്‍ തന്ന്ത്രങ്ങളും ചിലപ്പൊഴെങ്കിലും മന്ത്രങളും കുതന്ത്രങ്ങളും . എതെങ്കിലും ഒരാധുനിക കച്ചവടം വിജയിച്ചെന്നു കേട്ടാല്‍ ഉറപ്പിക്കാം കുറച്ചു പേരെ കൂടി വീണ്ടും ദുറ്ബലരാക്കൊയിരിക്കുന്നു. കച്ചവട ലോകം നമ്മെ ചൂഷണം ചെയ്യാന്‍ ഉപയൊഗിക്കുന്നത്, നമ്മുടെ ദൌറ്ബല്യങ്ങളായ പൊങ്ങച്ചം , അലസത , ഇക്കിളി ഇതൊക്കെയണെന്നു അറീഞ്ഞിട്ടും മൌനം തുടരുമ്പോള്‍ , വഴിപ്പെടലിന്റെ ഇക്കിളിപ്പെടുത്തുന്ന ഒരു നെരിയ സുഖം ഇല്ലെന്നു പറയാനാവില്ല......... മൌനം ഔരു വട്ടം രണ്ടു വട്ടം മൂന്നു വട്ടം ....

Sidheek Thozhiyoor said...

കമ്പര്‍ ഭായ് ...അഭിപ്രായം വീണ്ടും ഒരു നാലെണ്ണം കൂടി എഴുതാനുള്ള പ്രചോദനം നല്‍കുന്നു.വളരെ നന്ദി .

Sidheek Thozhiyoor said...

ലത്തീഫ് ഭായ് ...വളരെ വിപുലമായ വിലയിരുത്തലിനു നന്ദി , മൌനം വിദ്വാന് ഭൂഷണം.. അതാണ്‌ നല്ലത്.

Anonymous said...

അതിമനോഹരമായിരിക്കുന്നു. മുമ്പ് വായിക്കാന്‍ കഴിഞ്ഞിട്ടില്ല .വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതാന്നെങ്കിലും..അന്നും ഇന്നും എന്നും ഒരുപോലെ പ്രസക്തിയുള്ള പ്രമേയം.ഇന്നാണെങ്കില്‍ ഓഫീസ് വിട്ടു വീടെത്തുന്നതിനു മുമ്പ് പത്ത് മുപ്പത് മിസ്സ്കോളും കാണുമെന്നു മാത്രം അല്ലേ...ഫേസ്ക്രീം ഓര്‍മിപ്പിക്കാന്‍ ...
!!ഇനിയും കാലികപ്രസക്തിയുള്ള സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.

Sidheek Thozhiyoor said...

നല്ല അഭിപ്രായത്തിനു നന്ദി അലീ. വീണ്ടും കാണാം .

Unknown said...

I just saw your all blogs is very nice..this story in a high range position..

Wash'Allan JK | വഷളന്‍ ജേക്കെ said...

വളരെ നല്ല കഥയും തീമും.
"ഗട്ടറുകള്‍ അതീവ ശ്രദ്ധയോടെ ഒഴിവാക്കിയും റോഡ്‌ നിയമങ്ങള്‍ യഥാവിധി പാലിച്ചും കൊണ്ടുള്ള ആ യാത്രയുടെ ലാളിത്യം ജീവിതത്തിലും പുലര്‍ത്തിപ്പോരുന്നവനായിരുന്നു രാമനാഥന്‍" ഈ വരികളിലെ താരതമ്യം വളരെ ഇഷ്ടപ്പെട്ടു.

പരസ്യങ്ങള്‍ എത്രയാ സ്വാധീനിക്കുന്നെ. സ്വയം ആരെന്നു തിരിച്ചറിയാതെ ഐശ്വര്യറായി ആകാന്‍ നോക്കുന്ന എത്ര പേര്‍. അതുപോലെ പുരുഷന്മാരും.

ഫെയര്‍ ആന്‍ഡ്‌ ലവ്ലിയില്‍ എല്ലാം steroids ഉണ്ടന്നാണ് കേള്‍ക്കുന്നത് (കമ്പനി സമ്മതിക്കില്ലെങ്കിലും). കാന്‍സര്‍ വരെ വരാന്‍ സാധ്യതയുണ്ട്. അത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന വെളുപ്പ് താല്‍ക്കാലികം മാത്രം. കുറച്ചു കുമ്മായം തേയ്ക്കുമ്പോള്‍ കാണുന്നത് പോലെ.

പ്രശ്നം തൊലിപ്പുറത്തെ നിറം മാത്രം ഒരു വ്യക്തിയുടെ സൌന്ദര്യം ആയി കരുതുന്ന സമൂഹത്തിന്റെയാണ്. എന്ത് ചെയ്യാം?

Sidheek Thozhiyoor said...

Jasmine welcome again to my blog..and thanks for all good things..

Sidheek Thozhiyoor said...

വഷളന്‍ : യഥാര്‍ത്ഥ വായനയുടെ നല്ലൊരു വിലയിരുത്തല്‍..വളരെ സന്തോഷം.

mukthaRionism said...

നല്ല കഥ.
ആറ്റിക്കുറുക്കിയുള്ള എഴുത്ത്.
നല്ല അവതരണം.
നന്നായി.
കാലികം.
സാമൂഹികം....

ഭാവുകങ്ങൾ

Sidheek Thozhiyoor said...

മുഖ്താര്‍ ഭായ് ..ഇവിടെ കണ്ടതില്‍ വളരെ വളരെ സന്തോഷം ..

K@nn(())raan*خلي ولي said...

സന്തോഷത്തോടെ തിരിച്ചു പോകുന്നു.
(ഇനിയും വരുമെന്ന് ഉറപ്പ്)

അങ്ങോട്ടും കാണുമല്ലോ. നന്ദി.

Sidheek Thozhiyoor said...

കണ്ണൂരാനേ ..ഇങ്ങോട്ട് എത്തിയതില്‍ വളരെ സന്തോഷമുണ്ട് ,നന്ദിയും ,അല്ലെങ്കില്‍ എനിക്ക് ഖല്ലി വല്ലി കാണാന്‍ പറ്റുമായിരുന്നില്ല .

Mohamedkutty മുഹമ്മദുകുട്ടി said...

കഥ എന്നോ വായിച്ചിരുന്നു,കമന്റ് ഒരു പക്ഷെ മറന്നതായിരിക്കാം.നന്നായിട്ടുണ്ട്.തികച്ചും കാലികമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍!

അനില്‍കുമാര്‍ . സി. പി. said...

മുമ്പ് കണ്ടിരുന്നില്ല.

“കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .” :)

ഒരു ഇടത്തരക്കാരന്റെ നിസ്സഹായത നന്നായി അവതരിപ്പിച്ചു.

Sidheek Thozhiyoor said...

എന്താ മോമുട്ടിക്കാ ..കഥ മുമ്പ് മാധ്യമത്തില്‍ ആണോ വായിച്ചത് .
അനില്‍ കുമാര്‍ ..സന്തോഷം .നന്ദി

Related Posts Plugin for WordPress, Blogger...