Ads 468x60px

"ഇല്ലായ്മകളും, വല്ലായ്മകളും.."


അടുത്തുള്ള കട്ടിലുകളില്‍ രണ്ടു പേരു തമ്മില്‍ കൂര്‍ക്കംവലി മല്‍സരം നടക്കുന്നു , എനിക്കും അതില്‍ പാര്‍ട്ടിസിപ്പേറ്റു ചെയ്യണമെന്നുണ്ടെങ്കിലും തലക്കുള്ളില്‍ വട്ടം കറങ്ങുന്ന ചിന്തകള്‍ അതിനു അണുവിടപോലും അവസരം തരുന്നില്ല. ഒരു തലയിണയും കെട്ടിപ്പിടിച്ചു കണ്ണുകള്‍ ഇറുകെ അടച്ച്‌ പരമാവധി അതിന്നായി ശ്രമിക്കുമ്പോളാണ് തലക്കാംപുറത്തു ടീപോയില്‍ ഇരുന്ന മൊബൈല്‍ ബഹളം വെച്ചത്..
''ഫോണെടുക്കടാ..ഫോണെടുക്കാന്‍....(റിംഗ് ടോണ്‍ ...) ഒറ്റ തവണ അടിച്ചു അത് കട്ടായി . മിസ്സ്‌ കാള്‍ ആയതു കൊണ്ട് നാട്ടില്‍ നിന്നാണെന്ന് ഊഹിച്ചു.
'' Kodali called''
നാട്ടിലെ ഏറ്റവും അടുത്ത സുഹൃത്താണ് കോടാലി മൊയ്തുട്ടി , അവനാണ് ഈ നട്ടപ്പാതിരാക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ കന്നാലിക്ക് ഒറക്കം ഒന്നും ഇല്ലേ?
മനസ്സില്‍ പ്രാകിക്കൊണ്ടാണ് ഓണ്‍ ലൈനില്‍ കയറിയത് .
"ഡാ എന്താഡാ കോടാലികുട്ടാ ഈ നട്ടപ്പാതിരയ്ക്ക്... ?"
..........................
മറുപടിയില്ല....
"എന്താടാ നിനക്ക് മിണ്ടാട്ടം മുട്ടിയോ?"
വീണ്ടും ഒരു നിമിഷത്തെ മൌനത്തിനു ശേഷമാണ് അവന്‍ വാ തുറന്നത്..
"ഓ..നമ്മളെ ഒക്കെ ഓര്‍മ്മയുണ്ടോ നിനക്ക്..?നീയൊക്കെ വല്യ ഗള്‍ഫുകാരനായില്ലേ..?"
അങ്ങിനെ തുടങ്ങി പിന്നെ അവന്‍റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഖവാസമല്ലേ?
ഞാനിപ്പഴും ഇവിടെ ഈ പാലുകച്ചോടോം തോടും കണ്ടവും നെരങ്ങലും ആയി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാടാ.!!"
എനിക്ക് പറയാന്‍ മറുപടി ഒന്നും ഇല്ലായിരുന്നു...
അവന്‍റെ ഭാഗ്യ സങ്കല്‍പ്പങ്ങളുടെ പൊള്ളത്തരങ്ങള്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..
വീണ്ടും കിടന്നപ്പോള്‍ കല്‍ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്‌
മാര്‍ച്ച് 11 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...
എന്‍റെ പ്രിയപ്പെട്ട സുഹൃത്തേ..,
നീ പറഞ്ഞത് ശരിയാ....ഞാന്‍ ഭാഗ്യവാനാ....ഗള്‍ഫില്‍ ദേഹമനങ്ങാത്ത ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന ഉടയാടകള്‍.., എല്ലാവിധ ആധുനിക സൌകര്യങ്ങളും...
നിന്‍റെ നോട്ടത്തില്‍ സുഖസുന്ദരആഡംബര ജീവിതം.. ആര്‍മാദിക്കാന്‍ വേറെന്തുവേണം..!?
പക്ഷെ..., ഇവിടെ, ഈ സുഖലോലുപതയില്‍.., പ്രിയപ്പെട്ടവരും സ്വന്തപെട്ടവരുമായി ആരും അരികില്ലാത്ത വിഷമം നിനക്കെങ്ങിനെ മനസ്സിലാവാന്‍!?
കോഴി കൂവാത്ത... കിളികള്‍ കരയാത്ത ഇളം വെയിലില്ലാത്ത പ്രഭാതങ്ങള്‍.,
ഇവിടെ.പ്രഭാതങ്ങള്‍ക്ക് എന്നും ഒരു വരണ്ട നിറമാന്നെന്ന് നിനക്കറിയാമോ!, ഇവിടെ ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ മനസ്സിന്‍റെ അതേ നിറം...ഇവിടെ വീശിയടിക്കുന്ന ഉഷ്ണകാറ്റിനേക്കാള്‍ ചൂടുണ്ട് ഞങ്ങളുടെ നിശ്വാസങ്ങള്‍ക്ക് എന്ന കാര്യം..
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെ എനിക്ക് ആലുക്കാടെ കടയിലെ കട്ടന്‍ചായയും പരിപ്പുവടയും ഇല്ലടാ....പടിഞ്ഞാറന്‍ വയലുകളെ തഴുകിയെത്തുന്ന ആ കുളിര്‍കാറ്റ്, മുറ്റത്തെ മുല്ലയുടെയും പിച്ചകത്തിന്‍റെയും മനം മയക്കുന്ന സുഗന്ധം., പ്രാവുകളുടെ കുറുകല്‍ ...എല്ലാം ഇല്ലായ്മകളുടെ പട്ടികയിലാണ്.
ഇവിടെ ,നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞുകാലമില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍ പഞ്ചായത്ത് വക കലുങ്കുകളോ കടത്തിണ്ണകളോ ഇല്ല ....നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും...കോരിക്കുടിക്കാന്‍ ശുദ്ധമായ കിണര്‍ വെള്ളവുമില്ല; കല്ലെറിഞ്ഞു വീഴ്ത്താന്‍ കണ്ണിമാങ്ങകളും... അങ്ങിനെ ഒത്തിരി ഒത്തിരി ഇല്ലായ്മകള്‍... കൂട്ടുകാരാ, നീയെങ്കിലും അറിയുക..ഇവിടുത്തെ എന്‍റെ പ്രിയപ്പെട്ട നഷ്ടങ്ങളെകുറിച്ച്, ഇല്ലായ്മകളെ കുറിച്ച് ..
ശീതീകരിച്ച മുറിയുടെ വെള്ളയടിച്ച്ച നാല് ചുവരുകള്‍ക്കുള്ളില്‍
എനിക്ക് സ്വന്തമായുള്ളതും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നതും എന്‍റെ തലയിണ മാത്രമാണ് ...
ചിലപ്പോ ഞാനതിനെ എന്‍റെ പ്രിയപ്പെട്ടവരുടെ പേരിട്ട് വിളിക്കും..,
മറ്റുചിലപ്പോള്‍ അതെന്‍റെ പ്രിയപ്പെട്ടെ പൂച്ചക്കുട്ടിയാവും , പതുങ്ങി പതുങ്ങി വന്ന്‌ എന്നെ ഉണര്‍ത്താതെ വളരെ ശ്രദ്ധിച്ചു എന്‍റെ ചൂട് പറ്റികിടക്കുന്ന എന്‍റെ മാത്രം കുറുഞ്ഞി പൂച്ച, അതിനെ തലോടിയും താലോലിച്ചും അങ്ങിനെ കിടക്കും ..
എന്നിട്ടും നീ പറയുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്., അതെ സ്വര്‍ഗത്തില്‍ തീകനലിലൂടെ നടക്കുന്ന സൌഭാഗ്യം..! മനസ്സിന്‍റെ അഗാതതയില്‍ കുന്നുകൂടികിടക്കുന്ന ആശകളുടെ ഒരായിരം വാടിയ മൊട്ടുകള്‍ , വിടരാത്ത മൊട്ടുകള്‍ , കൊഴിഞ്ഞുപോയ മൊട്ടുകള്‍ ..ഇനിയും പിറക്കാന്‍ മോഹങ്ങളില്ലെങ്കിലെന്നു ആശിച്ചുപോകുന്ന മൃതി..ഇതൊന്നും പറഞ്ഞാല്‍ നിനക്കെന്നല്ല ആര്‍ക്കും മനസ്സിലാകില്ല.
ഏതു അര്‍ത്ഥത്തിലും നീയാടാ ഭാഗ്യവാന്‍, നാടിന്‍റെ സുഗശീതളമാര്‍ന്ന പച്ചപ്പില്‍ അല്ലലുകളും അലട്ടലുകളും ഇല്ലാതെ,പ്രിയപ്പെട്ടവരുടെ മുഖം എന്നും കണികണ്ടുണര്‍ന്ന് അവരുടെ സ്നേഹ ലാളനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും...അങ്ങിനെ അങ്ങിനെ...
"ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച.. " അതാണല്ലോ സത്യം!.
സുഹൃത്തേ സമയം അതിക്രമിച്ചിരിക്കുന്നു, നാളെയും പുലര്‍ച്ച നാലുമണിക്ക് അലാറം അലറി വിളിക്കും, തനിആവര്‍ത്തനങ്ങളുടെ വിരസമായ ഒരു ദിനം കൂടി കടന്നു വരുന്നതിന്‍റെ നാന്ദി കുറിക്കാന്‍..
അതുകൊണ്ട് ഇനി ഞാനുറങ്ങട്ടെ ... എന്‍റെ പ്രിയപ്പെട്ട തലയിണയും കെട്ടിപ്പിടിച്ച്..കൊച്ചു കൊച്ചു സ്വകാര്യ സ്വപ്‌നങ്ങള്‍ കണ്ട്....
ശുഭരാത്രി.

24 comments:

ബഷീർ said...

പ്രവാസിയുടെ മൗന നൊമ്പരങ്ങൾ




എഴുത്തിന്റെ ലോകത്തിലേക്ക്‌ തിരികെ ശക്തമായി തിരിച്ചു വരാൻ എല്ലാ ആശംശകളും നേരുന്നു.

ഈ ബ്ലോഗ്‌ കണ്ണിൽ പെട്ടിരുന്നില്ല (ഭാഗ്യം )

എന്തായാലും ഇനി ബാക്കിയുള്ളത്‌ കൂടി നോക്കട്ടെ..

പട്ടേപ്പാടം റാംജി said...

ഒരു പ്രവാസിയുടെ ആത്മനൊമ്പരങ്ങള്‍, വേദനകള്‍, നഷ്ടങ്ങള്‍, കഴിച്ചു കൂട്ടലുകള്‍ എല്ലാം നന്നായ് പറഞ്ഞു.

Unknown said...

നന്നായിട്ടുണ്ട്..

ശ്രീ said...

"ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച" അത് തന്നെയാണ് സത്യം!

yousufpa said...

പ്രവാസിയായി ജീവിക്കുന്ന കാലത്ത് ഞാനും ആഗ്രഹിച്ചിരുന്നു ‘എന്നാ തമ്പുരാനെ ഉറ്റവരുമുടയവരുമായൊരു ജീവിതം’എന്നൊക്കെ. എന്തൊ,അല്ലാഹു ആ വിളി കേട്ടു. ഞാൻ നാട്ടിൽ സമാധാനത്തോടെ സുഖമായി ജീവിക്കുന്നു. ഒരർത്ഥത്തിൽ എല്ലാ പ്രവാസികളും വിഡ്ഡികളാണ്‌. കാരണം,കണ്മുന്നിലെ പച്ചയെ അവഗണിച്ച് മറുനാട്ടിലെ പച്ചയെ തേടി ജീവിതം തുലയ്ക്കുന്നവർ. കുറച്ച് പേർ സസുഖം വാഴുന്നവർ ഉണ്ടെങ്കിലും അധികവുംജീവിതത്തിന്റെ പാരാഭാരം പേറുന്നവർ ആണ്‌.ഒരു കാര്യം എനിയ്ക്ക് പറയാൻ കഴിയും തീർച്ച.നമ്മുടെ നാട്ടിൽ ജീവിക്കാൻ സൗകര്യവും വുഭവങ്ങളും ഉണ്ട്.അത് കണ്ടെത്തി അത്യാഗ്രഹങ്ങളോ അതിമോഹങ്ങളോ ഇല്ലാതെ മുന്നോട്ട് പോകലാണ്‌.നാട്ടിലുള്ളവർക്കും ഒരു തോന്നലുണ്ട് എങ്ങനെയെങ്കിലും രാജ്യം വിടണം എന്നെങ്കിലേ ജീവിതം നന്നാവൂ എന്ന്.എന്നിട്ട് ഒരു പണിയ്ക്കും പോകാതെ കുടുംബത്തിൽ ഏതെങ്കിലും ഒരു ഹതഭാഗ്യനായ പ്രവാസി ഉണ്ടെങ്കിൽ അവന്റെ പിരടിയിൽ തൂങ്ങി അങ്ങാടിയിൽ നിരങ്ങി ജീവിതം തുലയ്ക്കും.ഉണർന്ന്പ്രവർത്തിക്കേണ്ട സമയമായി കൂട്ടരേ.
സത്യം പറയാലൊ താങ്കളുടെ ഈ സങ്കടം കഴുത കാമം കരഞ്ഞു തീർക്കുന്നതിനോടെ എനിയ്ക്ക് ഉപമിക്കാനാകൂ.ഒന്നു പറയാം നല്ല ഭാവാത്മകവും താളാത്മകവും ആയിരുന്നു എഴുത്ത്.
ഈ ലിങ്ക് അയച്ചു തന്ന ബഷീർ വെള്ളറക്കാടിനും താങ്കൾക്കും എന്റെ ആശംസകൾ.

ബഷീർ said...

@യൂസുഫ്പ,

എല്ലാ പ്രവാസികളും വിഡ്ഡികളാണെന്ന് പറയരുത്. പിന്നെ , നിരാശനാവാതെ ഉള്ള സമയം കൊണ്ട് എന്തെങ്കിലുമൊരു കര പിടിക്കാൻ ശ്രമിയ്ക്കണം.

കമ്പനി പിരിച്ച് വിട്ടില്ലെങ്കിൽ ഈ എക്സ്. പ്രവാസിയും നേരത്തെ പറഞ്ഞവരുടെ ഗണത്തിൽ ഇവിടെ ഉണ്ടാവുമായിരുന്നു അല്ലേ :)

yousufpa said...

താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.മാസങ്ങൾക്ക് മുൻപ് ഞാനും ഒരു വിഡ്ഡിയായ പ്രവാസി ആയിരുന്നു.ആയ കാലത്തെല്ലാം ഞാനും എന്റെ കാമം കരഞ്ഞ് തീർത്തിട്ടുണ്ട്(സ്വന്തം അനുഭവിക്കാതെ മറ്റുള്ളവരെ കളിയാക്കുന്നത് നീതികേടല്ലേ).അന്നും മനസ്സിലൊരു ലക്ഷ്യവും പ്രാർത്ഥനയും ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് നാടു പിടിക്കണം എന്ന് ദൈവം തമ്പുരാൻ ആ പ്രാർത്ഥന സ്വീകരിച്ചു. ഒരു പിരിച്ചുവിടലിന്റെ രൂപത്തിൽ അത് സംഭവിക്കുകയും ചെയ്തു.അല്ലാഹുവിന്‌ സ്തുതി.ഇന്ന് ഞാൻ തികച്ചും സന്തുഷ്ടനാണ്‌.കാരണം,ഞാൻ വെറുതെ ഇരുന്നില്ല.ഞാൻ തരക്കേടില്ലാത്ത ഒരു ജോലി തേടി കണ്ടു പിടിച്ചു.ഇന്ന് ഞാൻ ആ ജോലിയിൽ സംതൃപ്തിയോടെ തുടരുന്നു.ബഷീർ ഒന്ന് ചിന്തിച്ച് നോക്കൂ,നാം എത്ര അധ്വാനിച്ചിട്ടും സമ്പത്ത് ഉണ്ടാക്കിയിട്ടും നാട്ടിലെ ഒരു സാധാരണക്കാരൻ ജീവിക്കുന്നത് പോലെ നമുക്ക് ജീവിക്കാനാകുന്നുണ്ടോ?.അസുഖങ്ങളൂം മാമൂലുകളും നമ്മെ നിരന്തരം വേട്ടയാടുന്നില്ലേ. നാം അധ്വാനിക്കുന്നതിന്റെ മുക്കാൽ പങ്കും അതിനായി നീക്കിവെയ്ക്കണം.എന്നിട്ടോ..?
കടം മേടിച്ചത് വീട്ടിത്തീർക്കാൻ പിന്നെ ഒരു കൊല്ലം.ഞാനും നിങ്ങളൂം എത്ര കാലം കുടുംബവുമായി ജീവിച്ചു?.പറഞ്ഞ് വന്നത്, ഒരു പ്രവാസി ആയിരുന്ന എനിയ്ക്ക് ആ നോവ് നന്നായി അറിയാം. അത് കൊണ്ടു തന്നെ എന്നെങ്കിലും നാടണയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് പറയാൻ കഴിയും. അധ്വാനിക്കാൻ മനസ്സുണ്ടോ ജീവിയ്ക്കാൻ ഈ കേരളത്തിൽ മണ്ണുണ്ടെന്ന്.എന്റെ ബഷീർ നാട്ടിലെത്തുമ്പോൾ ഒരിയ്ക്കലെങ്കിലും പാലക്കുഴിയുടെ നേരുപറയുന്ന ഇഖ്ബാലിനെ കാണുക. നമുക്കൊക്കെ ഒട്ടേറെ അവനിൽ നിന്ന് പഠിക്കാനുണ്ട്.അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട് ജീവിതം പഠിക്കുവാൻ ലോകത്തെ ചുറ്റിക്കാണുവിൻ എന്ന്. നാമൊക്കെ എവിടെയെങ്കിലും പോയാൽ അവിടെ അട്ടയെ പോലെ പറ്റിപ്പിടിച്ചു കിടക്കും. ഇതൊരു വിവാദമാക്കണമെന്നോ മറ്റോ എനിയ്ക്കില്ല.നമ്മുടെ അത്യാഗ്രഹം ഒന്ന് മാത്രമാണ്‌ നമ്മുടെ പ്രയാസങ്ങൾക്കാധാരം എന്ന് സൂചിപ്പിക്കുക എന്ന് ഉദ്ദേശമേയുള്ളു..


ഓടോ..ചിലപ്പോൾ അവശപ്രവാസികൾക്കായയോരു കൗൺസിലിംഗ് സെന്റർ തുടങ്ങിയാലൊ എന്ന് കൂടെ ആലോചിക്കുന്നു.

ബഷീർ said...

@യൂസ്ഫ്പ

താങ്കളുടെ വരികൾ മറ്റൊരു അർത്ഥത്തിൽ ഞാൻ കണ്ടിട്ടില്ല. താങ്കളെപ്പോലെ തന്നെ സദാ കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയുന്നതിനായി ഒരു വഴി തെളിയാൻ പ്രാർത്ഥിക്കുന്നു ഞാനും പക്ഷെ ഉള്ള ജോലി സ്വമേധയാ വിട്ട് ശ്രമിയ്ക്കാൻ ഒരു ധൈര്യക്കുറവ് എന്ന് കൂട്ടിക്കോളൂ :)


അവശ പ്രവാസിയാവുന്നതിനു മുന്നെ നാടു പിടിക്കണം :)

Ismail Thozhiyoor said...

ജീവിതത്തിന്‍റെ കാണാ തുരുത്തുകള്‍ ..നന്നായി അവതരിപ്പിച്ചു..

Unknown said...

എവിടെയും, ഏത് നിലയിലും ജീവിതം സുഖദു:ഖ സമ്മിസ്ര മെന്നാണു എന്റെ പക്ഷം . യൂസഫ്പയുടെയും , ബഷീര്‍ വെള്ളറക്കാടിന്റെയും അഭിപ്രായങ്ങള്‍ ഏകതലത്തിലേക്ക് തന്നെ എത്തുന്നു...
ജീവിത നിലവാരത്തിന്റെ ഉയര്‍ന്ന തോതും സ്വന്തം ജീവിതനില മറ്റുള്ളവര്‍ കൊപ്പം ഉയരണം എന്ന അതിരു കടന്ന ചിന്തയും . ആവശ്യങ്ങളുടെയും , ആചാരങ്ങളിലേ കിടമത്സര സ്വഭാവവും . കേരളീയന്റെ ജീവിതത്തെ നാടു കടത്തിയതിന്റെ ഘടകങ്ങളില്‍ ചിലതാണു.
ഇണകളായി കുടുമ്പ ജീവിതം നയിക്കേണ്ട മനുഷ്യജന്മം .... ധ്രുവങ്ങളില്‍ മനമുരുകി കഴിയുമ്പോള്‍ അതിനെ പ്രത്യക്ഷമായി ഉപജീവനോപാദിക്ക് എന്ന് പരയുമ്പോഴും . ഉപബോധ മനസ്സ് എന്തിനോക്കെയോ വേണ്ടി കൊതിക്കുന്നു. ഉയര്‍ന്നസമ്പത്തും , ഒരു നൊമ്പരം പോലെ തള്ളിനീക്കുന്ന ജീവിത കാലവും . എന്നും അതിന്റെ ഇരുവശങ്ങള്‍ ...
ഈ അടുത്ത കാലം വരെ ആ അവസ്ഥയില്‍ നിന്നും മോചനം കാത്ത യൂസഫ്പ .... പ്രയത്നത്തിലൂടെ നാട്ടില്‍ ചുവടൂറപ്പിക്കാന്‍ ശ്രമി ക്കുമ്പോഴും പോയകാലത്തെ അനുഭവത്തിന്റെ ആത്മ നൊമ്പരം ....അത് ഇന്നും അനുഭവിക്കുന്ന തന്റെ ഉറ്റമിത്രങ്ങളെ ഇന്നും അതിയായി ഓര്‍ ക്കുന്നു ഏന്നാണു യൂസഫ്പയുടെ ഭാഷയില്‍ നിന്നും എനിക്ക് തിരിഞ്ഞത്...

പ്രസക്തമായ ഒരു വിഷയത്തേ നല്ല ഭാഷയിൽ അവതരിപ്പിച്ചു. ആശംസകൾ

Sidheek Thozhiyoor said...

ബഷീര്‍ : എന്‍റെ സ്നേഹമുള്ള അനിയന്‍ ...നന്ദി ഒരുപാട്.

റാംജി...സന്തോഷം..

ജാസ്മിനെ ..നന്നായിട്ടുണ്ട്..

ശ്രീ : പക്ഷെ , ഇവിടെ നിന്ന് നാട്ടിലേക്ക് നോക്കുമ്പോള്‍ കാണുന്ന മരുപ്പച്ച ഒരു മരീചിക ആവുമ്പോളാന്ന് പ്രശ്നം...

യൂസുഫ്പ... "സത്യം പറയാലൊ താങ്കളുടെ ഈ സങ്കടം കഴുത കാമം കരഞ്ഞു തീർക്കുന്നതിനോടെ എനിയ്ക്ക് ഉപമിക്കാനാകൂ"
ഈ വരികള്‍ പലതും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..പക്ഷെ..
വേറെ ഒരു മാര്‍ഗവും കാണുന്നില്ല സുഹൃത്തേ...

ഇസ്മയില്‍; സുഹൃത്തേ നന്ദി..,

പാലക്കുഴി : ഉപബോധ മനസ്സ് എന്തിനോക്കെയോ വേണ്ടി കൊതിക്കുന്നു. ഉയര്‍ന്നസമ്പത്തും , ഒരു നൊമ്പരം പോലെ തള്ളിനീക്കുന്ന ജീവിത കാലവും . എന്നും അതിന്റെ ഇരുവശങ്ങള്‍ ...
ഇതാണ് പൊള്ളുന്ന യാഥാര്‍ത്ഥ്യം..വീണ്ടും കാണണം. നന്ദി.

ഹംസ said...

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച.. " അതാണല്ലോ സത്യം!.

പ്രവാസിയുടെ വേദനയും നൊമ്പരവും അതനുഭവിക്കുന്നവര്‍ക്കെ അറിയൂ… ഗള്‍ഫുകാരന്‍റെ പളപളാ മിന്നുന്ന വേഷം മാത്രം കാണുന്ന കോടാലിയെ പോലുളവര്‍ക്ക് ഗള്‍ഫുകാരന്‍ ഭാഗ്യവാന്‍ ,,, അവര്‍ അറിയുന്നില്ല അവരാണ് യഥാര്‍ത്ത ഭാഗ്യവാന്മാര്‍ എന്ന്… നന്നായി ഒരു പ്രവാസിയുടെ വേദന വരച്ചു കാണിച്ചു.

ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മൂന്നാല് കാര്യം ഉണര്തട്ടെ. താന്കള്‍ അനുകൂലിക്കില്ലെന്നറിയാം
- വേറൊരു കോടാലി മൊയ്തുട്ടി ആവാന്‍ നമുക്ക് കഴിയാത്തത് നമ്മുടെ അല്പത്തം.
- ഇമ്മാതിരി വലിയ ഡയറി കുറിപ്പുകള്‍ എഴുതിയാല്‍ മൂന്നു മാസം കൊണ്ട് ഡയറി തീരും.
- താങ്കളുടെ പ്രൊഫൈലില്‍ എഴുതിയത് വായിച്ചപ്പോള്‍ തോന്നിയത് രണ്ടു കാര്യങ്ങള്‍ :
ഒന്ന്- നാം നമ്മെ പറ്റി ഒരിക്കലും നല്ലത് പറയരുത് ,അതാരും വിശ്വസിക്കില്ല. നാം ഒരിക്കലും നമ്മെ പറ്റി ഇല്ലാത്തത് പറയരുത്, കാരണം എല്ലാവരും അത് മുഴുവന്‍ വിശ്വസിക്കും .
- 'ഭൂലോക മണ്ടന്‍" എന്ന് പറയരുത്. നമ്മളൊക്കെ ബ്ലോഗര്മാരല്ലേ.അതുകൊണ്ട് 'ബൂലോക മണ്ടന്‍'എന്നെ പറയാവൂ..


സോറി. ഒരു പരസ്യം. ഇല്ലായ്മകളും വല്ലായ്മകളും തന്നെ പ്രശ്നം.
http://www.shaisma.co.cc/2009/07/blog-post.html

Unknown said...

ഇല്ലായ്മകളും വല്ലയ്മകളും തുടരുന്നിടത്തോളം പ്രവാസവും തുടരും.
നിര്ത്തിപ്പോയ പലരും ഗതിപിടിക്കാതെ തിരിച്ചുവരുന്നത്‌ കാണുമ്പോള്‍ എങ്ങിനെ ഇവിടെനിന്നു പെട്ടെന്ന് വിട്ടുപോകാന്‍ ധൈര്യം വരും?
ഇപ്പോഴുള്ള വിഷമത്തേക്കാള്‍ വേദനാജനകമായിരിക്കും വീണ്ടും വരേണ്ടിവരിക എന്നുള്ള അവസ്ഥ.

നോട്ട്:
അറബിയില്‍ 'ق' എന്ന അക്ഷരത്തിനു സമാനമായ മലയാള അക്ഷരമില്ല എങ്കിലും 'ഖ' ആണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു (കല്‍ബ് എന്ന് പറയുമ്പോള്‍ അര്‍ഥം മാറുകില്ലേ?!)

കുട്ടന്‍ said...

ഒരു പ്രവാസിയുടെ ആത്മ നൊമ്പരങ്ങള്‍ വളരെ നന്നയി തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ട്ടോ ...............

Sidheek Thozhiyoor said...

ഹംസ സാഹിബിന്‍റെ അഭിപ്രായത്തിന് നന്ദി..
ഇസ്മയില്‍ തണല്‍ : താങ്കളുടെ നിര്‍ദേശം കണക്കിലെടുത്തു ഉടനെ മാറും, ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്ന് കാര്‍ന്നോമാര്‍ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ അല്ലെ?
തെച്ചിക്കോടന് : "ഇല്ലായ്മകളും വല്ലയ്മകളും തുടരുന്നിടത്തോളം പ്രവാസവും തുടരും". നഗ്നസത്യം, വേറെ എന്ത് പറയാന്‍?
ക മാറ്റി ഖ ആക്കുന്നു , എനിക്കും കണ്ഫുഷ്യന്‍ ആയിരുന്നു ,
ഉറപ്പിച്ചതിനു നന്ദി

Sidheek Thozhiyoor said...

അയ്യോ കുട്ടാ നേരത്തെ മറുപടി തരാന്‍ വിട്ടുപോയി പൊറുക്കണേ..
അഭിപ്രായത്തിനു നന്ദി.

ഹംസ said...
This comment has been removed by the author.
ഹംസ said...

ഈ ലിങ്ക് ഒന്നു പോയി നോക്കൂ,,

http://pravaasalokam.blogspot.com/2010/03/blog-post_9919.html

Sidheek Thozhiyoor said...

വളരെ നന്ദി ഹംസ സാഹിബ്. കണ്ടു വേണ്ടത് കൊടുത്തു.

ശ്രീ said...

പോസ്റ്റ് അവിടെ കോപ്പി പേസ്റ്റ് ചെയ്തത് അറിവോടെ അല്ലല്ലോ അല്ലേ മാഷേ?

Sidheek Thozhiyoor said...

അല്ല ശ്രീ...

Bijith :|: ബിജിത്‌ said...

സ്വര്‍ഗത്തില്‍ തീകനലിലൂടെ നടക്കുന്ന സൌഭാഗ്യം..!

കൊണ്ടൂ കേട്ടോ...

Sidheek Thozhiyoor said...

സന്തോഷം ബിജിത്ത്.

Related Posts Plugin for WordPress, Blogger...